അപ്പോളോ പദ്ധതി
ചാന്ദ്രപര്യവേക്ഷണവും പര്യടനവും ലക്ഷ്യമാക്കി യു.എസ്. ആസൂത്രണം ചെയ്ത ബഹിരാകാശ പദ്ധതി. യവനപുരാണത്തിലെ സൂര്യദേവൻ അപ്പോളോയെ അവലംബിച്ചാണ് ഐതിഹാസികമായ ചാന്ദ്രയാത്രാപദ്ധതിക്ക് അപ്പോളോ പദ്ധതി എന്നു പേരിട്ടത്. അപ്പോളോ ബഹിരാകാശ പേടകവും[1] സാറ്റേൺ വിക്ഷേപിണിയും[2] ആണ് ഈ യാത്രകൾക്ക് ഉപയോഗിച്ചത്.
പദ്ധതിയുടെ തുടക്കം
ഐസക് ന്യൂട്ടന്റെ ഗുരുത്വാകർഷണതത്ത്വം[3] അനുസരിച്ചുതന്നെ ചാന്ദ്രയാത്ര[4] സാധ്യമാണെന്ന് ശാസ്ത്രജ്ഞർ കരുതിയിരുന്നു. ചന്ദ്രൻ ഭൂമിയെ പ്രദക്ഷിണം വയ്ക്കുന്നു; ഭൂമി ചന്ദ്രനെയും ഭൂമിയെ ചന്ദ്രനും ആകർഷിക്കുന്നു. ചന്ദ്രന്റെ ഗതിവേഗവും ഭൂഗുരുത്വാകർഷണവും തമ്മിൽ ഒരു സന്തുലിതാവസ്ഥ നിലനിൽക്കുന്നു. ഈ ശക്തികളെ അതിലംഘിക്കുക എന്നതാണ് ചാന്ദ്രയാത്ര സാധിക്കാനുള്ള മാർഗം. ഭൂമിയുടെ ആകർഷണത്തെ ശക്തിയായി പ്രതിരോധിക്കുകയും ആ മേഖല കടന്ന് ചന്ദ്രന്റെ ആകർഷണമേഖലയിൽ പ്രവേശിക്കുകയും ആണ് ആദ്യഘട്ടം. തുടർന്ന് ചന്ദ്രന്റെ ആകർഷണം കൊണ്ടുതന്നെ ചന്ദ്രനിലേക്ക് എത്താൻ കഴിയും. പക്ഷേ വേഗത നിയന്ത്രിച്ചില്ലെങ്കിൽ വാഹനം കുത്തനെ ചന്ദ്രനിൽ ചെന്നിടിക്കും. ഈ നിയന്ത്രണം സാധിക്കുന്നതു റോക്കറ്റുകളുടെ സഹായത്താലാണ്.
യു.എസ്. പ്രസിഡന്റ് ഐസനോവറിന്റെ കാലത്താണ് അപ്പോളോ പദ്ധതിയുടെ പ്രാഥമിക രൂപരേഖ[5] തയ്യാറാക്കപ്പെട്ടത്. മനുഷ്യനിയന്ത്രിത ബഹിരാകാശ പദ്ധതികളായ മെർക്കുറി, ജെമിനി എന്നിവയുടെ തുടർച്ചയെന്ന നിലയ്ക്കാണ് അപ്പോളോ പദ്ധതി ആവിഷ്ക്കരിക്കപ്പെട്ടത്. 1960-കളിൽ തന്നെ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ അപ്പോളോ പദ്ധതി പ്രസിഡന്റ് കെന്നഡി പുനഃസംവിധാനം ചെയ്തു (1961). ചന്ദ്രനെയും ചാന്ദ്രമണ്ഡലത്തേയും കുറിച്ച് മെർക്കുറി - ജെമിനി പദ്ധതികൾ,[6] യു.എസ്.എസ്.ആറിന്റെ ലൂണാർ പദ്ധതി[7] തുടങ്ങിയവ നൽകിയ അറിവുകൾ അടിസ്ഥാനമാക്കി പ്രാതികൂലഘടകങ്ങളെ അതിജീവിക്കാൻ സാധിക്കുന്നവിധത്തിലാണ് അപ്പോളോ വാഹനങ്ങൾ രൂപകല്പന ചെയ്തത്.
അപ്പോളോ വാഹനം - ഘടന
അപ്പോളോ വാഹനത്തിന് 3 ഭാഗങ്ങളുണ്ട്:
- മുഖ്യവാഹനം അഥവാ മാതൃപേടകം (command module)
- സാധനസാമഗ്രികൾ നിറച്ച പേടകം (Service module)
- ചാന്ദ്രപേടകം (Lunar module).
യാത്രയുടെ ഭൂരിഭാഗവും മൂന്നു സഞ്ചാരികൾ ഒരുമിച്ചു മാതൃപേടകത്തിൽ കഴിയുന്നു.[8] അതിൽ ആഫീസ്മുറിയും കിടക്കമുറിയും ഊണുമുറിയും കുളിമുറിയും മറ്റും സജ്ജീകരിച്ചിരിക്കും. മാതൃപേടകവും ഭൂമിയിലെ ബഹിരാകാശകേന്ദ്രവും തമ്മിൽ നിരന്തര സമ്പർക്കം പുലർത്തുന്നു. യാത്രയുടെ ആരംഭത്തിൽ സർവീസ് മോഡ്യൂൾ മാതൃപേടകത്തോടു ചേർത്തു ഘടിപ്പിച്ചിരിക്കും.[9] സർവീസ് മോഡ്യൂളിലാണ് റോക്കറ്റ് ഇന്ധനവും യാത്രയിൽ സഞ്ചാരികൾക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ മുതലായവയും സംഭരിച്ചുവയ്ക്കുന്നത്. മൂന്നാമത്തെ ഭാഗമായ ചാന്ദ്രപേടകം[10] സർവീസ് മോഡ്യൂളിന് അടിയിലായിട്ടാണ് യാത്രയുടെ ആരംഭത്തിൽ ഘടിപ്പിച്ചുവയ്ക്കുന്നത്. യാത്രാമധ്യത്തിൽ ചാന്ദ്രപേടകം സർവീസ് മോഡ്യൂളിനു മുകളിലായി മാതൃപേടകത്തോടു ചേർത്തു ഘടിപ്പിക്കും.
ചാന്ദ്രമണ്ഡലത്തിൽവച്ച് ചാന്ദ്രപേടകം മാതൃപേടകത്തിൽനിന്നു വേർപെട്ട് ചാന്ദ്രപ്രതലത്തിലേക്കു യാത്ര ചെയ്യും. ചാന്ദ്രപേടകത്തിനു രണ്ടു ഭാഗങ്ങളുണ്ട് - ആരോഹണഭാഗവും[11] (ascent stage) അവരോഹണഭാഗവും[12] (descent stage). രണ്ടും ഒന്നിച്ചു ചാന്ദ്രപ്രതലത്തിൽ ഇറങ്ങുന്നു. അവരോഹണഭാഗം പ്രവർത്തിപ്പിച്ചാണ് ചാന്ദ്രപ്രതലത്തിൽ ഇറങ്ങുന്നത്. ആരോഹണഭാഗത്താണ് രണ്ടു സഞ്ചാരികൾ നില്ക്കുന്നത്. ചാന്ദ്രപേടകം വേർപെട്ടശേഷം മാതൃപേടകം ചന്ദ്രനെ പ്രദക്ഷിണം വച്ചുകൊണ്ടിരിക്കും. ചാന്ദ്രപേടകത്തിലെ സഞ്ചാരികൾ വെളിയിലിറങ്ങി നിർദിഷ്ട പരീക്ഷണങ്ങൾ നടത്തി, തിരിച്ചു പേടകത്തിൽ കയറി അവരോഹണഭാഗം ഒരു വിക്ഷേപണത്തട്ടാ(launching pad))യി ഉപയോഗിച്ച്,[13] ആരോഹണഭാഗത്തിൽ മുകളിലേക്കു പറന്ന് മാതൃപേടകവുമായി സന്ധിക്കുന്നു. ആരോഹണഭാഗം ചാന്ദ്രപ്രതലത്തിലേക്ക് ഉപേക്ഷിച്ചുകളയുകയാണ് പതിവ്.
മാതൃപേടകവും ചാന്ദ്രപേടകവും തമ്മിൽ ചേർക്കുകയും വേർപെടുത്തുകയും ചെയ്യാനുള്ള സജ്ജീകരണങ്ങളുണ്ട്. മാതൃപേടകം മാത്രമാണ് തിരികെ വന്നു സമുദ്രത്തിൽ ഇറങ്ങുക. വഴിയിൽവച്ച് സർവീസ് മോഡ്യൂൾ ഉപേക്ഷിച്ച് ഭാരക്കുറവുവരുത്തുന്നു. നിശ്ചിതവേഗം കൈവരുത്തി ഭൂമിയുടെ സമീപത്ത് എത്തിയാൽപിന്നെ സർവീസ് മോഡ്യൂളിന്റെ ആവശ്യമില്ല.
അപ്പോളോ യാത്രകൾ
അപ്പോളോ 1-6
ആദ്യത്തെ അപ്പോളോവാഹനം 1967 ജനുവരി 27-നു പ്രയാണസജ്ജമായി. 14 ദിവസം ബഹിരാകാശത്തിൽ ഭൂമിയെ ചുറ്റി പറക്കാനാണ് അപ്പോളോ 1 തയ്യാറാക്കിയത്.[14] വെർജിൽ ഗ്രിസ്സം (Virgil Grissom), എഡ്വേർഡ് വൈറ്റ് (Edward White), റോജർ ചാഫി (Roger Chaffee) എന്നിവർ കയറിയ അപ്പോളോ വാഹനം പരീക്ഷണത്തിനിടയിൽ തീ പിടിച്ചതുകൊണ്ട് ലക്ഷ്യം നേടാതെ മൂന്നു ബഹിരാകാശയാത്രികരും എരിഞ്ഞു ചാമ്പലായി. ഈ ദുരന്തം അപ്പോളോ പദ്ധതിക്ക് മാന്ദ്യം വരുത്തി. വൈദ്യുത ബന്ധങ്ങൾക്കു നേരിട്ട തകരാറുകളാണ് ഈ ദുരന്തത്തിനു കാരണമായത്. തുടർന്ന് നടന്ന മൂന്ന് അപ്പോളോ ദൌത്യങ്ങളിലും മനുഷ്യൻ കയറിയിരുന്നില്ല; അപ്പോളോ 4[15] (1967 നവംബർ 9) മാതൃപേടക എൻജിനുകളും സാറ്റേൺ V വിക്ഷേപിണിയും പരീക്ഷിക്കുന്നതിനായി പറന്നു; അപ്പോളോ 5[16] (1968 ജനുവരി 22) ബഹിരാകാശത്ത് ചാന്ദ്രപേടകത്തിന്റെ ആരോഹണ അവരോഹണങ്ങൾ പരീക്ഷണവിധേയമാക്കി; അപ്പോളോ 6[17] (1968 ഏപ്രിൽ 4) അപ്പോളോ വാഹനത്തിന്റെ പ്രവർത്തനം പൂർണമായി നിരീക്ഷണ വിധേയമാക്കി.
ഈ പരീക്ഷണ പറക്കലുകളിൽ നേരിട്ട പ്രയാസങ്ങൾ പരിഹരിച്ചു കൊണ്ട് 1968 ഒക്റ്റോബർ 11-ന് അപ്പോളോ പദ്ധതിയിൽ മനുഷ്യനെയും വഹി ച്ചുകൊണ്ടുള്ള ആദ്യത്തെ ബഹിരാകാശ പേടകം യാത്ര തിരിച്ചു.
അപ്പോളോ 7
1968 ഒക്റ്റോബർ 11-ന് അപ്പോളോ 7 ബഹിരാകാശത്തിലേക്ക് യാത്രതിരിച്ചു.[18] ഇതിൽ വാൾട്ടർ എം. ഷിറാ ജൂനിയർ (Walter M Schirra Jr), ഡോൺ എഫ്. ഐസൽ (Donn F Eisele), റോണി വാൾട്ടർ കണ്ണിങ്ഹാം (Ronnie Walter Cunningham) എന്നിവർ 11 ദിവസം ബഹിരാകാശയാത്ര നടത്തിയശേഷം 22-ന് അറ്റ്ലാന്റിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി. വാഹനവും അതിലെ യാത്രക്കാരും ബഹിരാകാശത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് മനസ്സിലാക്കുകയായിരുന്നു അപ്പോളോ 7-ന്റെ മുഖ്യലക്ഷ്യം.[19]
അപ്പോളോ 8
അപ്പോളോവാഹനം ഭൂമിയുടെ ആകർഷണത്തിൽനിന്ന് അകന്നു ചാന്ദ്രമണ്ഡലത്തിൽ എത്തുമ്പോൾ എങ്ങനെ പ്രവർത്തിക്കുമെന്നു പരീക്ഷിക്കുന്നതിനായി അപ്പോളോ 8 വിക്ഷേപിക്കപ്പെട്ടു. 1968 ഡിസബർ 21-ന് ഫ്രാങ്ക് ബോർമൻ (Frank Borman), ജെയിംസ് ലോവൽ (James Lovell), വില്യം ആൻഡേർസ് (William Anders) എന്നിവർ ഇതിൽ ചന്ദ്രനിലേക്ക് യാത്രതിരിച്ചു. അപ്പോളോ 8 ചന്ദ്രനിൽനിന്ന് 112 കി.മീ. ദൂരത്തിൽ പറന്ന് വിവിധ ചാന്ദ്രമേഖലകളുടെ ചിത്രങ്ങൾ എടുത്തു ഭൂമിയിലേക്കയച്ചു. ചാന്ദ്രയാത്രികർ ചന്ദ്രനെ 10 പ്രാവശ്യം പ്രദക്ഷിണം വച്ചശേഷം ഡിസബർ 27-ന് ഭൂമിയിൽ തിരിച്ചെത്തി. അപ്പോളോ 8-ന്റെ വിജയം മനുഷ്യന് ചന്ദ്രനിൽ സന്ദർശനം നടത്താൻ കൂടുതൽ ധൈര്യം നൽകി.[20]
അപ്പോളോ 9
ചന്ദ്രനിൽ ഇറങ്ങാനുള്ള വാഹനം ഭൂമിയുടെ ആകർഷണമണ്ഡലത്തിൽവച്ചും ചന്ദ്രന്റെ ആകർഷണമണ്ഡലത്തിൽവച്ചും പരീക്ഷിച്ചുനോക്കുകയാണ് അപ്പോളോ 9. അപ്പോളോ 9, 1969 മാർച്ച് 3-ന് പുറപ്പെട്ടു. ജെയിംസ് എ. മക്ഡിവിറ്റ് (James A.McDivitt), ഡേവിഡ് ആർ. സ്കോട്ട് (David R.Scott), റസ്സൽ ആർ. ഷൈക്കാർട് (Russel R.Schweikart) എന്നിവരാണ് ഇതിൽ യാത്രചെയ്തത്. ഭൂമിയുടെ ആകർഷണപരിധിയിൽവച്ച് ചാന്ദ്രപേടകം (സ്പൈഡർ) മാതൃപേടകത്തിൽനിന്നും വേർപെടുത്തി. മക്ഡിവിറ്റും ഷൈക്കാർട്ടും യാത്രചെയ്തപ്പോൾ സ്കോട്ട് തനിയെ മാതൃപേടകം (ഗംഡ്രോപ്) നയിച്ചു. 1970 കി.മീ. സഞ്ചരിച്ച് സ്പൈഡർ ഗംഡ്രോപ്പുമായി പുനഃസന്ധിച്ചശേഷം മാർച്ച് 13-ന് അറ്റ്ലാന്റിക് സമുദ്രത്തിൽ ഇറങ്ങി.[21]
അപ്പോളോ 10
സന്ധിക്കലും (docking) വേർപെടലും (undocking) ചന്ദ്രന്റെ ആകർഷണവലയത്തിൽവച്ച് പരീക്ഷിച്ചു നോക്കാനായി 1969 മേയ് 18-ന് അപ്പോളോ 10 ചാന്ദ്രമണ്ഡലത്തിലേക്കു യാത്ര തിരിച്ചു. തോമസ് പി. സ്റ്റാഫോഡും (Thomas P.Stafford) യൂജിൻ എ. സെർണനും (Eugene A.Cernan) ചാന്ദ്രപേടകത്തിൽ കയറി ചാന്ദ്രമണ്ഡലത്തിൽ യാത്രചെയ്തു. ജോൺ ഡബ്ള്യു. യങ് (John W.Young) മാതൃപേടകം (ചാർലി ബ്രൌൺ) നയിച്ചു. ചാന്ദ്രപേടകം (സ്നൂപി) ചാന്ദ്രപ്രതലത്തിൽനിന്നു 15 കി.മീ. അകലെ പറന്ന് അപ്പോളോ 11 ഇറങ്ങേണ്ട പ്രദേശത്തിന്റെ ചിത്രങ്ങളെടുത്തു. എന്നിട്ട് മാതൃപേടകവുമായി പുനഃസന്ധിച്ച് 26-ന് ഭൂമിയിൽ തിരിച്ചെത്തി. ഇതോടുകൂടി മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച ഐതിഹാസികമായ അപ്പോളാ 11 നുള്ള വേദിയൊരുങ്ങി.[22]
അപ്പോളോ 11
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യമായിരുന്നു അപ്പോളോ 11. ശീതയുദ്ധകാലത്തെ ബഹിരാകാശ മൽസരങ്ങളിൽ അമേരിക്ക നേടിയ വിജയമായി ഈ ദൗത്യം വിലയിരുത്തപ്പെട്ടു. 1969 ജൂലൈ 16-ന് ഫ്ലോറിഡയിൽ നിന്നു വിക്ഷേപിക്കപ്പെട്ടു. നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രികർ.
ഈഗിൾ എന്ന ചാന്ദ്രപേടകത്തിൽ ജൂലൈ 20-ന് ആംസ്ട്രോങ്, ആൾഡ്രിൻ എന്നിവർ ചന്ദ്രനിൽ കാലുകുത്തി. പ്രശാന്തിയുടെ സമുദ്രം എന്ന സ്ഥലത്താണ് അവർ ഇറങ്ങിയത്. 21 മണിക്കൂർ 31 മിനിറ്റ് സമയം ഇവർ ചന്ദ്രോപരിതലത്തിൽ ചിലവഴിച്ചു. ഈ സമയം കൊളംബിയ എന്ന നിയന്ത്രണ പേടകത്തിൽ കോളിൻസ് ചന്ദ്രനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ജൂലൈ 24-ന് മൂവരും ഭൂമിയിൽ തിരിച്ചെത്തി.
അവലംബം
- ↑ http://www.ocii.com/~dpwozney/apollo1.htm
- ↑ http://www.savethelut.org/MLDocs/ML_History.html
- ↑ http://www.gap-system.org/~history/HistTopics/Gravitation.html
- ↑ http://www.hyperonsoft.com/lt.htm
- ↑ http://nssdc.gsfc.nasa.gov/planetary/lunar/apollo.html
- ↑ http://www.kennedyspacecenter.com/early-space-exploration.aspx
- ↑ http://www.russianspaceweb.com/spacecraft_manned_lunar.html
- ↑ http://www.apollosaturn.com/asnr/module.htm
- ↑ http://www.nasa.gov/mission_pages/station/structure/elements/sm.html
- ↑ http://science.howstuffworks.com/apollo-spacecraft6.htm
- ↑ http://www.museumofflight.org/spacecraft/apollo-17-lunar-module-ascent-stage-mock
- ↑ http://www.apollosaturn.com/Lmnr/descent.htm
- ↑ http://www.newscientist.com/blog/space/2007/10/lunar-lander-explodes-on-launch-pad.html
- ↑ http://history.nasa.gov/Apollo204/
- ↑ http://space.about.com/cs/missions/a/apollo4.htm
- ↑ http://nssdc.gsfc.nasa.gov/nmc/spacecraftDisplay.do?id=1968-007A
- ↑ http://nssdc.gsfc.nasa.gov/nmc/spacecraftDisplay.do?id=1968-025A
- ↑ http://spaceflight.nasa.gov/history/apollo/apollo7/index.html
- ↑ http://www.nasa.gov/mission_pages/apollo/missions/apollo7.html
- ↑ http://science.ksc.nasa.gov/history/apollo/apollo-8/apollo-8.html
- ↑ http://www.nasa.gov/mission_pages/apollo/missions/apollo9.html
- ↑ http://science.ksc.nasa.gov/history/apollo/apollo-10/apollo-10.html
പുറംകണ്ണികൾ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അപ്പോളോ പദ്ധതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |