ഹോസെ റിസാൽ

ഫിലിപ്പീനിയൻ എഴുത്തുകാരൻ, ദേശീയവാദി, ചിന്തകൻ

പത്തൊൻപതാം നൂറ്റാണ്ടിൽ (1861-1896) ഫിലിപ്പീൻസിൽ ജീവിച്ചിരുന്ന എഴുത്തുകാരനും, ദേശീയവാദിയും, ചിന്തകനും ബഹുമുഖപ്രതിഭയും ആയിരുന്നു ഹോസെ റിസാൽ (Jose Risal). സ്പാനിഷ് ഭാഷയിൽ എഴുതിയ രണ്ടു നോവലുകളും ഇതരരചനകളും വഴി ഫിലിപ്പീൻ ദേശീയതയുടെ വികാസത്തെ സഹായിക്കുകയും സ്പെയിനിന്റെ കോളനിവാഴ്ചക്കെതിരെ ജനകീയപ്രക്ഷോഭത്തിനു വഴിയൊരുക്കുകയും ചെയ്ത റിസാൽ, "ആദ്യത്തെ ഫിലിപ്പീനി" എന്നു പോലും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[1] കലാപകാരിയായി മുദ്രകുത്തി റിസാലിനെ തടവിലാക്കിയ കോളനി ഭരണകൂടം അദ്ദേഹത്തെ ആദ്യം ഫിലിപ്പീൻ ദ്വീപസമൂഹത്തിന്റെ തെക്കേയറ്റത്ത് മിന്ദനാവോ ദ്വീപിലുള്ള ദാപ്പിത്താനിലേക്കു നാടുകടത്തുകയും 1896-ൽ വെടിവച്ചുകൊല്ലുകയും ചെയ്തു. തുടർന്നുണ്ടായ സംഭവങ്ങൾ 1898-ൽ ഫിലിപ്പീൻസിൽ സ്പെയിനിന്റെ 333 വർഷം ദീർഘിച്ച കോളണിവാഴ്ചയുടെ അന്ത്യത്തിനു കാരണമായി.

ഹോസെ റിസാൽ മെർകാഡോ
ഹോസെ റിസാൽ
ജനനംജൂൺ 19, 1861
കലാംബ, ലഗൂണ പ്രവിശ്യ, ഫിലിപ്പീൻസ്
മരണംഡിസംബർ 30, 1896(1896-12-30) (പ്രായം 35)
റിസാൽ പാർക്ക്, ബാഹുംബായാൻ, മനില, ഫിലിപ്പീൻസ്
മരണ കാരണംവെടിവച്ചുള്ള വധശിക്ഷ
സ്മാരകങ്ങൾറിസാൽ പാർക്ക്, മനില
കലാംബാ നഗരം, ലഗുണാ പ്രവിശ്യ, ഫിലിപ്പീൻസ്
ദേശീയതഫിലിപ്പീൻ
മറ്റ് പേരുകൾപെപ്പെ, ദിമാസലാങ്ങ്
കലാലയംമനിലയിലെ അഥേനിയോ മുനിസിപ്പൽ, സാന്തോ തോമാസ് സർവകലാശാല, മാഡ്രിഡിലെ സെൻട്രൽ സർവകലാശാല, പാരിസ് സർവകലാശാല, ഹിഡൽബർഗ് സർവകലാശാല
സംഘടന(കൾ)ലാ സോളിഡാരിഡാഡ്, ലാ ലിഗാ ഫിലിപ്പിനാ

അദ്ദേഹം രചിച്ച നോളി മെ ടാങ്കറെ, എൽ ഫിലിബസ്ത്രുസ്മോ എന്നീ നോവലുകൾ കൊളോണിയൽ ഭരണത്തിൻ കീഴിയുള്ള 19-ആം നൂറ്റാണ്ടിലെ ഫിലിപ്പീൻസിലെ സാമൂഹ്യാവസ്ഥയുടെ ചിത്രീകരണങ്ങളാണ്. ഇന്ന് ഫിലിപ്പീൻസിലെ സ്കൂൾ പാഠപദ്ധതിയിൽ ഈ കൃതികൾ അവശ്യവായനയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. സാഹിത്യരചനക്കും രാഷ്ട്രീയപ്രക്ഷോഭത്തിനുമപ്പുറം, മറ്റനേകം മേഖലകളിൽ താത്പര്യം കാട്ടിയ റിസാൽ ഒരു ചിത്രകാരനും, ശില്പിയും, ബഹുഭാഷാപ്രവീണനും, ചരിത്രകാരനും അയിരുന്നു. അദ്ദേഹത്തിന് 22 ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. നേത്രവൈദ്യനായി പരിശീലനം നേടിയ അദ്ദേഹം ഒട്ടേറെ നേത്രശസ്ത്രക്രിയകൾ നടത്തി.

ജീവിതരേഖ

തിരുത്തുക

ജീവിതാരംഭം

തിരുത്തുക

ഫിലിപ്പീൻസിന്റെ വടക്കേയറ്റത്തെ ലുസോൺ ദ്വീപിൽ ലഗൂണാ പ്രവിശ്യയിലെ കലാംബാ പട്ടണത്തിൽ ഒരു ഇടത്തരം കർഷക കുടുംബത്തിൽ ജനിച്ച റിസാലിന് 9 സഹോദരിമാരും ഒരു സഹോദരനും ഉണ്ടായിരുന്നു. യാഥാസ്ഥിതിക കത്തോലിക്കാ പശ്ചാത്തലത്തിൽ വളർന്ന അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലായിൽ ഈശോസഭക്കാരുടെ അഥേനിയോ മുനിസിപ്പൽ എന്ന വിദ്യാലയത്തിലായിരുന്നു. പഠനത്തിൽ അതിസമർത്ഥനായിരുന്ന അദ്ദേഹം തുടർന്ന് ഡോമിനിക്കൻ സന്യാസികൾ നടത്തുന്ന കലാലയത്തിൽ ഉന്നതവിദ്യാഭ്യാസം ആരംഭിച്ചു. വൈദ്യപഠനമാണ് അദ്ദേഹം തെരഞ്ഞെടുത്തത്.

വിശ്വാസം, അനുഭവങ്ങൾ

തിരുത്തുക
 
ഫിലിപ്പീൻസിൽ ലഗൂണ പ്രവിശ്യയിലെ കലാംബയിൽ, റിസാൽ ജനിച്ച വീട്

യൗവനാരംഭത്തിൽ വ്യവസ്ഥാപിത കത്തോലിക്കാ മതത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട റിസാൽ, ഫിലിപ്പീൻസിൽ സ്പെയിനിന്റെ കോളണിഭരണത്തിനു കീഴിൽ, ജീവിതത്തിന്റെ എല്ലാ മേഖലകളിലും വെള്ളക്കാരായ കത്തോലിക്കാ സന്യാസികൾ വഹിക്കുന്ന പങ്ക്, അനാശാസ്യമായി കരുതി. റിസാലിനു 11 വയസ്സുള്ളപ്പോൾ, വിദേശികളായ സന്യാസസമൂഹങ്ങളുടെ ഒത്താശയോടെ കോളണിഭരണകൂടം, ഉത്പതിഷ്ണുക്കളായ 3 സന്യാസേതരവൈദികരെ, ഒരു സൈനിക കലാപത്തിനു കാരണക്കാരെന്നാരോപിച്ചു വധശിക്ഷക്കു വിധേയരാക്കിയിരുന്നു. അക്കാലത്തു തന്നെ, ചെയ്യാത്ത കുറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ അമ്മക്ക് രണ്ടര വർഷം തടവിൽ കഴിയേണ്ടതായും വന്നു. ഈ സംഭവങ്ങൾ റിസാലിന്റെ ജീവിത-രാഷ്ട്രീയ വീക്ഷണങ്ങൾ രൂപപ്പെടുത്തുന്നതിൽ കാര്യമായ പങ്കുവഹിച്ചു. മനിലായിലെ പഠനത്തിനിടെ കലാംബായിൽ വന്ന റിസാൽ, തെരുവിൽ എതിരേ വന്ന ഒരു സ്പെയിൻകാരൻ പട്ടാള ഉദ്യോഗസ്ഥനെ തൊപ്പിയൂരി ബഹുമാനിച്ചില്ല. രോഷാകുലനായ ഉദ്യോഗസ്ഥൻ റിസാലിനെ ചാട്ടവാറടിച്ചു പരിക്കേല്പിച്ചു. ഉദ്യോഗസ്ഥനെതിരെ പ്രവിശ്യാധികാരിക്കു റിസാൽ നൽകിയ പരാതി പരിഗണിക്കപ്പെട്ടില്ല. ഈ അനുഭവവും, കൊളോണിയൻ ഭരണത്തിനു കീഴിൽ ദേശവാസികളുടെ അവസ്ഥയെക്കുറിച്ചുള്ള തീവ്രബോധം അദ്ദേഹത്തിനു നൽകി.

പിൽക്കാലത്ത് റിസാൽ, ക്രിസ്തീയതയിൽ വ്യതിരിക്തമായ മാർഗ്ഗം പിന്തുടരുന്ന ഫ്രീമേസണ്മാരുടെ കൂട്ടായ്മയിൽ ചേർന്നിരുന്നതായും കരുതപ്പെടുന്നു.

വിദേശത്തേയ്ക്ക്

തിരുത്തുക

മനിലായിൽ വൈദ്യപഠനം ആരംഭിച്ച റിസാൽ അതു പൂർത്തിയാക്കിയത് സ്പെയിനിലെ മാഡ്രിഡിലായിരുന്നു. 1882 മേയ് മാസത്തിൽ റിസാൽ, സഹോദരന്റെ ധനസഹായത്തിൽ, മാതാപിതാക്കളെ അറിയിക്കാതെ, സ്പെയിനിൽ ബാർസലോണയിലെക്കു കപ്പൽ കയറി. തുടർന്ന് മാഡ്രിഡിലിലെ സെൻട്രൽ സർവകലാശാലയിൽ വിദ്യാർത്ഥിയായ അദ്ദേഹം 1886-ൽ, 24 വയസ്സുള്ളപ്പോൾ നേത്രവൈദ്യനായി ബിരുദം നേടി. തുടർന്ന് റിസാൽ ഫ്രാൻസിൽ പാരിസിലെ ഡി വെക്കർ എന്ന നേത്രവൈദ്യന്റെ സഹായിയായി വൈദ്യപരിശീലനം തുടങ്ങി. ഇക്കാലത്ത് അദ്ദേഹം ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങൾ സന്ദർശിക്കാനും യൂറോപ്പിലുള്ള ഫിലിപ്പീനി പ്രവാസികളുടെ സംഘടനകളിൽ പ്രവർത്തിക്കാനും തന്റെ സാഹിത്യകൗതുകം പിന്തുടരാനും സമയം കണ്ടെത്തി.

 
ദീർഘകാലം റിസാലിന്റെ കാമുകിയായിരുന്ന ലിയോനോർ റിവേരയുടെ, റിസാൽ വരച്ച ചിത്രം. 'നോളി'-യിലെ നായിക മരിയ ക്ലാരയുടെ മാതൃക ഇവർ ആണെന്നു കരുതപ്പെടുന്നു

ഫിലിപ്പീൻസിൽ സ്പെയിനിന്റെ കോളനിഭരണത്തിന്റേയും അതിനു കീഴിലുള്ള സന്യാസിവാഴ്ചയുടേയും തുറന്നുകാട്ടലായിരുന്നു റിസാലിന്റെ നോളി മെ താങ്കറെ (എന്നെ സ്പർശിക്കരുത്) എന്ന ആദ്യനോവൽ. 1887-ൽ ജർമ്മനിയിൽ ബർളിൻ നഗരത്തിൽ വച്ച് അത് എഴുതിത്തീർക്കുമ്പോൾ റിസാലിന് 26 വയസ്സുണ്ടായിരുന്നു. അത് അദ്ദേഹത്തെ കോളണിഭരണകൂടത്തിന്റേയും കത്തോലിക്കാ സന്യാസ സമൂഹങ്ങളുടേയും ശത്രുവാക്കി. കളാംബയിൽ ഡോമിനിക്കൻ സന്യാസഭവനങ്ങൾ ഉടമസ്ഥത അവകാശപ്പെട്ട ഭൂമിയിൽ പാട്ടക്കൃഷിക്കാരായിരുന്നു റിസാലിന്റെ വീട്ടുകാർ. റിസാലിന്റെ നിലപാടുകൾ മൂലമുണ്ടായ സന്യാസഭവനങ്ങളുടെ ശത്രുത അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രശ്നങ്ങൾ സൃഷ്ടിച്ചു. കരിമ്പായിരുന്നു അവർ പ്രധാനമായും കൃഷി ചെയ്തിരുന്നത്. പഞ്ചസാരയുടെ വിലയിടിവു മൂലം വലഞ്ഞിരുന്ന അവർക്ക് സന്യാസമൂഹം ഒന്നിനൊന്നു വർദ്ധിച്ച നിരക്കിൽ ആവശ്യപ്പെട്ടിരുന്ന പാട്ടം അടക്കാൻ കഴിയാതെയായി. പാട്ടഭൂമി നഷ്ടപ്പെട്ട അവർ ക്രമേണ സാമ്പത്തികമായി തകർന്നു.

യാത്രകൾ, 'മോർഗാ'

തിരുത്തുക

ബന്ധുജനങ്ങൾ നേരിട്ടിരുന്ന ഈ കഷ്ടപ്പാടുകളുടെ പശ്ചാത്തലത്തിൽ നാട്ടിൽ മടങ്ങിയെത്തിയ റിസാൽ, കുടുംബത്തിനു നീതിനേടിക്കൊടുക്കാൻ നടത്തിയ ശ്രമങ്ങൾ അദ്ദേഹത്തിനു നേരെയുള്ള ശത്രുത തീവ്രമാക്കാനേ ഉപകരിച്ചുള്ളു. നേത്രവൈദ്യനായി ജോലി ചെയ്ത് വരുമാനം കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ശ്രമവും പ്രതികൂല സാഹചര്യങ്ങൾ മൂലം വിജയിച്ചില്ല. അതിനാൽ 1888 ഫെബ്രുവരിയിൽ അദ്ദേഹം ഫിലിപ്പീൻസ് വിട്ടുപോയി. ഹോങ്ങ് കോങ്ങ് വഴി ടോക്കിയോയിലെത്തിയ അദ്ദേഹം അവിടെ സ്പാനിസ് നയതന്ത്രപ്രതിനിധിയുടെ അതിഥിയായി കഴിയുന്നതിനിടെ ജപ്പാനിൽ വിവിധസ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഏപ്രിൽ മാസത്തിൽ അമേരിക്കയിലെത്തി ഏതാനും ആഴ്ച ചെലവഴിച്ചു.

1888 മേയ് മാസത്തിൽ ലണ്ടണിലെത്തിയ റിസാൽ, ബ്രിട്ടീഷ് മ്യൂസിയത്തിൽ പഠനത്തിൽ സമയം പോക്കി. 17-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഫിലിപ്പീൻസിലെ സ്പാനിസ് കോളനി വാഴ്ചയുടെ തുടക്കത്തിൽ, സ്പാനിഷ് ഉദ്യോഗസ്ഥനായ അന്തോണിയോ മോർഗ എഴുതിയ ചരിത്രരചനയുടെ ഒരു സംശോധിതമായ പതിപ്പിറക്കാൻ വേണ്ട പഠനത്തിൽ അദ്ദേഹം മുഴുകി. 1889 മാർച്ചിൽ ആ കൃതിൽ പാരീസിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഫിലിപ്പീൻ ചരിത്രപഠനത്തിൽ നിർണ്ണായക സംഭാവനയായി റിസാലിന്റെ സമഗ്രമായ കുറിപ്പുകളോടു കൂടിയ ആ പതിപ്പ് കരുതപ്പെടുന്നു. ഫിലിപ്പീൻസിലെ പരമ്പരാഗത സമൂഹം അലസവും പ്രാകൃതവും ആയിരുന്നു എന്ന കൊളോണിയൽ പ്രചാരണത്തെ തിരുത്താനാണ് ഈ പതിപ്പിൽ അദ്ദേഹം ശ്രമിച്ചത്. സ്പെയിനിന്റെ കോളനീകരണം ഫിലിപ്പീൻസുകാരെ സാംസ്കാരമായി ഉയർത്തുന്നതിനു പകരം പിന്നോക്കം കൊണ്ടുപോവുകയാണു ചെയ്തതെന്ന് അദ്ദേഹം വാദിച്ചു.[2]

'ഫിലിബസ്ത്രുസ്മോ'

തിരുത്തുക

യൂറോപ്യൻ ജീവിതത്തിന്റെ ഈ രണ്ടാം ഘട്ടത്തിലാണ് റിസാൽ, ആദ്യനോവലായ 'നോളി'-യുടെ തുടർച്ചയായി എൽ ഫിലിബസ്ത്രുസ്മോ (കലാപകാരി) എന്ന നോവൽ എഴുതിയത്. 1890 ഫെബ്രുവരി മാസത്തിൽ അതു പ്രസിദ്ധീകരിക്കുമ്പോൾ റിസാലിന് 29 വയസ്സുണ്ടായിരുന്നു. റിസാലിന്റെ രണ്ടു നോവലുകളാണ് ഫിലിപ്പീൻ ജനതയിൽ ദേശീയബോധം വളർത്തി സ്പെയിനിന്റെ ആധിപത്യത്തിൽ നിന്നുള്ള മോചനത്തിനു വഴിയൊരുക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[3] യൂറോപ്പിൽ കഴിഞ്ഞ ഇക്കാലത്തും അദ്ദേഹം, ഫിലിപ്പീൻസിൽ നിന്നുള്ള പ്രവാസികളിൽ ദേശീയബോധം വളർത്താനും അവരെ സംഘടിപ്പിക്കാനും ശ്രമിച്ചു. ഫിലിപ്പീൻസിലെ രാഷ്ട്രീയ അവസ്ഥയെക്കുറിച്ച് സ്പെയിനിലുള്ള ഫിലിപ്പീൻ പ്രവാസികളുമായി ആശയവിനിമയം നടത്താൻ ഇടയ്ക്ക് മാഡ്രിഡ് സന്ദർശിച്ച അദ്ദെഹം 1891 ജനുവരിയിൽ ഫ്രാൻസിലേക്കു പോയി.

നാടുകടത്തൽ

തിരുത്തുക
 
1970-ലെ ഒരു ഫിലിപ്പീൻ പെസോ നാണയത്തിൽ റിസാലിന്റെ ചിത്രം

കോളനി ഭരണകൂടത്തിന്റെ കടുത്ത ശത്രുത സമ്പാദിച്ചിരുന്ന റിസാലിന് ഫിലിപ്പീൻസിൽ മടങ്ങിയെത്തുന്നത് അപകടകരമയിരുന്നു. ഫിലിപ്പീനികൾക്കായി, ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഉത്തരബോർണിയോയിൽ ഒരു കാർഷിക കോളനി തുടങ്ങുന്ന കാര്യം റിസാൽ ആലോചിച്ചെങ്കിലും ആ പദ്ധതി പുരോഗമിച്ചില്ല. ഇടക്കാലത്ത് ഹോങ്ങ് കോങ്ങിലെത്തിയ അദ്ദേഹം അവിടെ നേത്രവൈദ്യനായി ജോലി ചെയ്തു. 1892-ൽ സ്പാനിഷ് ഗവർണ്ണർ ജനറലുടെ സുരാക്ഷാവാഗ്ദാനത്തിന്റെ ഉറപ്പിൽ റിസാൽ 1892 ജൂണിൽ ജന്മനാട്ടിൽ മടങ്ങിയെത്തി. എങ്കിലും 1892-ൽ അദ്ദേഹത്തെ നാടുകടത്തലിനു വിധിച്ചു. അതിന് അടിസ്ഥാനമായ ആരോപണങ്ങൾ അദ്ദേഹത്തിൽ നിന്നു മറച്ചു വച്ചു.

ഫിലിപ്പീൻസിന്റെ തെക്കേയറ്റത്ത് മിന്ദനാവോ ദ്വീപിലുള്ള വടക്കൻ സംബോവാംഗാ പ്രവിശ്യയിലെ ദാപ്പിത്താൻ നഗരത്തിലേക്കായിരുന്നു നാടുകടത്തൽ. ബഹുമുഖപ്രതിഭയായ റിസാൽ അവിടെ വിവിധതരം ക്രിയാത്മക പ്രവർത്തനങ്ങളിൽ മുഴുകി. അദ്ധ്യാപകനായും, നേത്രവൈദ്യനായും, കൊപ്രാവ്യാപാരിയായും കർഷകനായും ഗവേഷകനായും മറ്റും അദ്ദേഹം അവിടെ പ്രവർത്തിച്ചു. ഹോങ്ങ് കോങ്ങിൽ നിന്ന് ദാപ്പിത്താനില തന്റെ ചികിത്സ തേടിയെത്തിയ ഒരു രോഗിയുടെ വളർത്തുമകൾ ജോസഫൈൻ ബ്രാക്കൻ എന്ന യുവതിയുമായി റിസാൽ പ്രണയത്തിലായി. എങ്കിലും യാഥാസ്ഥിതിക കത്തോലിക്കാ വിശ്വാസത്തിൽ നിന്നു വഴുതി മാറിയിരുന്ന റിസാലിന് അക്കാരണത്താൽ ഔപചാരികമായി വിവാഹിതനാകാൻ കഴിഞ്ഞില്ല. എങ്കിലും അദ്ദേഹം ജോസഫൈനുമൊത്ത് ജീവിച്ചു. അവർക്കു ജനിച്ച ഒരു കുഞ്ഞ്, പിറവിയിലേ മരിച്ചു.

വധശിക്ഷ

തിരുത്തുക

കാത്തിപ്പൂനാൻ കലാപം

തിരുത്തുക

1896-ൽ റിസാൽ, മഞ്ഞപ്പനി ബാധിച്ചവർക്കിടയിൽ വൈദ്യസേവനത്തിനു തയ്യാറായി ക്യൂബയിലെക്കു പോകാൻ അനുമതി വാങ്ങി. ആഗസ്റ്റ് മാസം, 35 വയസ്സുള്ള അദ്ദേഹം സ്പെയിൻ വഴി ക്യൂബയിലേക്കു പോകാനായി മനിലയിലെത്തി. സെപ്തംബർ 3-ന് അദ്ദേഹത്തിന്റെ കപ്പൽ മനില തുറമുഖം വിട്ടു. അതിനിടെ, 'കാത്തിപ്പൂനാൻ' എന്ന പേരിൽ അറിയപ്പെട്ട തീവ്രദേശീയവാദികൾ ഫിലിപ്പീൻസിൽ, കോളനി ഭരണത്തിനെതിരെ സായുധകലാപം സംഘടിപ്പിച്ചിരുന്നു. കലാപകാരികളുമായി റിസാലിനു ബന്ധമുണ്ടായിരുന്നില്ലെങ്കിലും കലാപത്തിന്റെ മുഖ്യകാരണങ്ങളായി ഭരണകൂടം കണക്കാക്കിയത് റിസാലിനേയും അദ്ദേഹത്തിന്റെ രചനകളേയും ആയിരുന്നു. അതിനാൽ, ഈജ്പിതിലെ പോർട്ട് സെയിദ് തുറമുഖം കഴിഞ്ഞപ്പോൾ, മനിലായിൽ നിന്നു കിട്ടിയ കേബിൾ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ റിസാലിനെ കപ്പലിൽ തടവിലാക്കി. കപ്പൽ ബ്രിട്ടീഷ് ഭരണത്തിലിരുന്ന സിങ്കപ്പൂരിലെത്തിയപ്പോൾ, വിടുതൽ ഹർജ്ജി (ഹേബിയസ് കോർപ്പസ്) നൽകി അദ്ദേഹത്തെ മോചിപ്പിക്കാൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല.[4] സ്പെയിനിൽ എത്തിയ അദ്ദേഹത്തെ ഏതാനും ആഴ്ചകൾക്കു ശേഷം ഫിലിപ്പീൻസിലേക്കു തിരികെ കൊണ്ടു പോയി.

 
റിസാലിന്റെ വധശിക്ഷ നടപ്പാക്കുന്നതിന്റെ ഛായഗ്രഹണ രേഖ

ഫിലിപ്പീൻസിലെത്തിയ റിസാലിന് പട്ടാളക്കോടതിയിലെ ഹ്രസ്വവും ഏകപക്ഷീയവുമായ വിചാരണയ്ക്കൊടുവിൽ 1896 ഡിസംബർ 27-ന് വധശിക്ഷ വിധിച്ചു കിട്ടി. ആന്ദ്രേ ബോണിഫേസിയോയുടെയും മറ്റും നേതൃത്വത്തിൽ കോളണിഭരണത്തിനെതിരെ നടന്ന സായുധസമരത്തിന്റെ മുഖ്യപ്രേരകനെന്ന കുറ്റം ചുമത്തിയായിരുന്നു ശിക്ഷ. ലഹള, രാജ്യദ്രോഹം, വിഘടനവാദം എന്നിവയായിരുന്നു അദ്ദേഹത്തിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ. വധശിക്ഷ നടപ്പിലാക്കുന്നതിന്റെ തലേന്ന് എഴുതി, തന്നെ സന്ദർശിക്കാനെത്തിയ സഹോദരി വഴി ജെയിലിൽ നിന്ന് ഒളിച്ചു കടത്തിയ "ജന്മനാടേ വിട" എന്ന പേരിലുള്ള കവിത, പിന്നീടു പ്രസിദ്ധമായി. ചാരായം കൊണ്ടു പ്രവർത്തിക്കുന്ന ഒരു അടുപ്പിൽ ഒളിച്ചു വച്ചാണ് റിസാൽ അതു കൈമാറിയത്.[4] ഡിസംബർ 30-ആം തിയതി വെളുപ്പിന് ഏഴര മണിക്ക് മനിലായിൽ റിസാലിനെ വെടിവച്ചു കൊന്നു. മരിക്കുമ്പോൾ അദ്ദേഹത്തിനു 35 വയസ്സായിരുന്നു.

'മാനസാന്തരം'

തിരുത്തുക
 
ദാപ്പിത്താനിൽ നാടുകടത്തപ്പെട്ടിരിക്കെ റിസാലിന്റെ പങ്കാളിയായിരുന്നു ജോസഫൈൻ ബ്രാഖൻ. വധിക്കപ്പെടുന്നതിനു തൊട്ടു മുൻപ് റിസാൻ അവരെ ഔപചാരികമായി വിവാഹം കഴിച്ചതായി പറയപ്പെടുന്നു.

കത്തോലിക്കാ സന്യാസസമൂഹമായ ഈശോസഭക്കാരുടെ വിദ്യാലയത്തിൽ പ്രഗല്ഭവിദ്യാർത്ഥിയായിരുന്ന റിസാൽ പിന്നീട് സ്വതന്ത്രചിന്തയുടേയും ഫ്രീമേസൺ സ്വാധീനത്തിന്റെയും ഫലമായി യാഥാസ്ഥിതികവിശ്വാസത്തിൽ നിന്ന് വഴുതി മാറുകയും കത്തോലിക്കാ വ്യവസ്ഥാപികതയുടെ തീവ്രവിമർശകനാവുകയും ചെയ്തിരുന്നു. എങ്കിലും അദ്ദേഹത്തെ വിശ്വാസത്തിലേക്കു തിരികെ കൊണ്ടുവരാൻ കത്തോലിക്കാ നേതൃത്വം എന്നും ശ്രമിച്ചിരുന്നു. ദാപ്പിത്താനിൽ നാടുകടത്തപ്പെട്ടു കഴിഞ്ഞ കാലത്ത്, സംസ്കൃതചിത്തനായ അദ്ദേഹത്തെ ബൗദ്ധികസംവാദങ്ങളിലൂടെ വിശ്വാസയാഥാസ്ഥിതികതയിൽ തിരികെയെത്തിക്കാൻ ഈശോസഭക്കാരായ പഴയ സുഹൃത്തുക്കൾ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ല. മനിലായിലെ ഈശോസഭാവിദ്യാലയത്തിൽ റിസാലിന്റെ ഗുരുവായിരുന്ന ഈശോസഭാവൈദികൻ പാബ്ലോ പാസ്റ്റെൽസ് കത്തുകളിലൂടെ അദ്ദേഹവുമായി നടത്തിയ ദീർഘസംവാദവും ഫലമുണ്ടാക്കിയില്ല.[5]

റിസാലിനു വധശിക്ഷ വിധിക്കപ്പെട്ട്, ജീവിക്കാൻ രണ്ടു ദിവസം മാത്രം അവശേഷിച്ചപ്പോൾ, അദ്ദേഹത്തെ മാനസാന്തരപ്പെടുത്താൻ സഭ തീക്ഷ്ണശ്രമം നടത്തി.[൧] പ്രയത്നം ആദ്യം ഫലം ചെയ്യാതെ വന്നപ്പോൾ, അദ്ദേഹത്തിനു വേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട് സഭാനേതൃത്വം മനിലായിലെ എല്ലാ ക്രിസ്തീയ സന്യാസഭവനങ്ങളിലേയും അന്തേവാസികൾക്കു അടിയന്തരസന്ദേശം എത്തിച്ചു. തങ്ങളുടെ ശ്രമങ്ങൾ അവസാന നിമിഷം ഫലമണിഞ്ഞെന്നും റിസാൽ മരിക്കുന്നതിനു മുൻപ് മനസ്താപപൂർവം മൂന്നു നാലു വട്ടം കുംബസാരിച്ചെന്നും, പങ്കാളി ജോസഫൈൻ ബ്രാക്കറെ കൂദാശാനുസരണം വിവാഹം ചെയ്തെന്നും മറ്റും കത്തോലിക്കാ സഭാനേതൃത്വം അവകാശപ്പെടുന്നു. ഇതിനു തെളിവായി അവർ റിസാൽ എഴുതിക്കൊടുത്തതായി പറയുന്ന വിശ്വാസപ്രഖ്യാപനം അവതരിപ്പിക്കുന്നു. ഈ അവകാശവാദവും വിശ്വാസപ്രഖ്യാപനരേഖയും വ്യാജമാണെന്നും അല്ലെന്നും കരുതുന്നവരുണ്ട്. വിശ്വാസപ്രഖ്യാപനരേഖ അദ്ദേഹം തന്നെ എഴുതിയിരിക്കാം എന്നു സമ്മതിക്കുന്നവർ പോലും, ധാർമ്മികബലാൽക്കാരവും ആത്മീയഭീഷണിയും വഴി തരപ്പെടുത്തിയ ആ രേഖയുടെ മൂല്യം ചോദ്യം ചെയ്യുന്നു.[൨]

സൗഹൃദങ്ങൾ

തിരുത്തുക
 
ബ്ലൂമെൻട്രിറ്റ്, റിസാൽ പെൻസിൽ കൊണ്ടു വരച്ച രേഖാചിത്രം

പ്രതിഭാശാലിയും, തീക്ഷ്ണബുദ്ധിയും, സംഭാഷണചരുരനും, വിജ്ഞാനകുതുകിയും ആയിരുന്ന റിസാലിന്, ആഴവും ദൃഢതയുമുള്ള ധാരാളം സൗഹൃദങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രരചനയിൽ ഏറ്റവും വിലപ്പെട്ട രേഖകളായിരിക്കുന്നത് ഓസ്ട്രിയൻ പണ്ഡിതനും ഗവേഷകനും ആയിരുന്ന ഫെർഡിനാന്റ് ബ്ലൂമെൻട്രിറ്റിന് എഴുതിയ കത്തുകളാണ്. ബ്രിട്ടീഷ് മ്യൂസിയത്തിലെ പണ്ഡിതൻ റീൻഹോൾഡ് റോസ്റ്റ് ആയിരുന്നു റിസാലിന്റെ മറ്റൊരു സുഹൃത്ത്. റിസാലുമായി ബൗദ്ധികകൗതുകങ്ങൾ പങ്കുവച്ച ഇവർ, അദ്ദേഹവുമായി പലകാര്യങ്ങളിലും വിയോജിച്ചപ്പോഴും, അദ്ദേഹത്തെ അങ്ങേയറ്റം ബഹുമാനിച്ചിരുന്നു. "രത്നം പോലുള്ള മനുഷ്യൻ" എന്നാണ് റീൻഹോൾഡ് റോസ്റ്റ് റിസാലിനെ വിശേഷിപ്പിച്ചത്.

റിസാലിന്റെ ആകർഷകമായ വ്യക്തിത്വവും നാടോടിജീവിതവും ഒട്ടേറെ സ്ത്രീസൗഹൃദങ്ങൾക്കും അവസരമൊരുക്കി. ജീവചരിത്രകാരന്മാർ 12 പ്രണയങ്ങൾ എണ്ണുമ്പോൾ അവയിൽ 9 എണ്ണത്തിലെ നായികമാർ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കൗമാരകൗതുകത്തിനു വിഷയമായ ഫിലിപ്പീൻസുകാരി സെഗുണ്ടാ കാത്തിൻബാക്ക്, ജപ്പാനിലെ ജീവിതകാലത്ത് പരിചയപ്പെട്ട ഓ-സീ സാൻ, ദീർഘകാലകാമുകിയും ഒട്ടേറെ പ്രണയലേഖനങ്ങളുടെ ലക്ഷ്യവും ആയിരുന്ന ലിയോനോർ റിവേര, മതപരമായ ബോദ്ധ്യങ്ങളുടെ കാര്യത്തിൽ റിസാലുമായുള്ള പൊരുത്തക്കേടുകൾ മൂലം അദ്ദേഹത്തെ വിവാഹം ചെയ്യാൻ വിസമ്മതിച്ച, ഇംഗ്ലീഷ്-ഐബീരിയൻ സമ്മിശ്രപശ്ചാത്തലമുള്ള നെല്ലി ബൗസ്റ്റീഡ്, അവസാനവർഷങ്ങളിൽ റിസാലിന്റെ പങ്കാളി ആയിരുന്ന ഐറിഷ് പശ്ചാത്തലമുള്ള ജോസഫൈൻ ബ്രാക്കാൺ എന്നിവർ ഇവരിൽ ചിലരാണ്.[6]

കുറിപ്പുകൾ

തിരുത്തുക

^ ജീവചരിത്രകാരൻ ലിയോൺ മരിയ ഗിയെരോര, റിസാലിന്റെ ആത്മാവിനെ നിശ്ചയദാർഢ്യത്തോടെ പിന്തുടരുകയും ഒടുവിൽ പിടികൂടിയതായി അവകാശപ്പെടുകയും ചെയ്ത മനിലായിലെ സന്യാസവൈദികരെ, ഫ്രാൻസിസ് തോംപ്സന്റെ വിഖ്യാതകവിത അനുസ്മരിച്ച് സ്വർഗ്ഗത്തിലെ വേട്ടപ്പട്ടികൾ (Hounds of Heaven) എന്നു വിശേഷിപ്പിക്കുന്നു (പുറം 461).

^ "In any case, a document obtained by moral violence and spiritual threats has very little worth in history" (ഗിയെരോര, പുറം 487)

  1. The First Philipini, എന്ന പേരിൽ ലിയോൺ മരിയ ഗിയെരോര എഴുതിയ റിസാലിന്റെ ജീവചരിത്രം
  2. Meaning and History എന്ന പേരിൽ സമാഹരിക്കപ്പെട്ടിരിക്കുന്ന Ambeth R. Ocampo-യുടെ റിസാൽ പ്രഭാഷണങ്ങൾ, പ്രസാധകർ, അൻവിൽ പബ്ലിഷേഴ്സ്, മനിലാ - "Rotten Beef and Stinking fish: Rizal and the writing of Philippine History" എന്ന പ്രഭാഷണം
  3. റിസാലിന്റെ ആദ്യനോവലായ 'നോളി'-യുടെ ഇംഗ്ലീഷ് പരിഭാഷയ്ക്കെഴുതിയ ആമുഖത്തിൽ പരിഭാഷകൻ ലിയോൺ മരിയ ഗുയെരേരോ "Two Novels that made a revolution"
  4. 4.0 4.1 Ambeth R Ocampo, Rizal without Overcoat
  5. റാവുൻ ജെ ബൊനോവാൻ സംശോധന ചെയ്തു പ്രസിദ്ധീകരിച്ച റിസാൽ-പാസ്റ്റെൽസ് സംവാദരേഖ, പ്രസാധകർ, മനിലായിലെ അഥേനിയോ ഡി മനിലാ യൂണിവേഴ്സിറ്റ് പ്രെസ്
  6. Jose Rizal.ph website Rizal, the Romantic
"https://ml.wikipedia.org/w/index.php?title=ഹോസെ_റിസാൽ&oldid=3704819" എന്ന താളിൽനിന്ന് ശേഖരിച്ചത്