സംസ്കൃതഭാഷ ഭാരതത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയും മറ്റ് പല ആധുനിക ഭാഷകളുടെയും മാതൃഭാഷയും ആയി പരിഗണിക്കപ്പെടുന്നു. സംസ്കൃതസാഹിത്യം ആരംഭിക്കുന്നത് വേദങ്ങളോടു കൂടിയാണ്. ഹിന്ദുമതഗ്രന്ഥങ്ങളിൽ സംസ്കൃതസാഹിത്യത്തിന്റെ ഉപയോഗം കാണാം. കാലാനുക്രമമായി സംസ്കൃതസാഹിത്യത്തിനുള്ള വിവിധ ഘട്ടങ്ങൾ താഴേപറയും പ്രകാരം വിവരിക്കാം.

വേദകാലഘട്ടം

തിരുത്തുക
പ്രധാന ലേഖനം: വേദം

ഏകദേശം 1500-600 ബി.സി യിലാണ് വേദങ്ങളുടെ രചന നടന്നതെന്നു് കരുതപ്പെടുന്നു. വേദങ്ങൾ നാലാണ് ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം എന്നിങ്ങനെ. ഈ ഓരോ വേദത്തിലും സംഹിതകളും നിരവധി ബ്രാഹ്മണങ്ങൾ‍, ആരണ്യകങ്ങൾ, വേദാംഗങ്ങൾ എന്നിവയും അടങ്ങിയിക്കും. ഓരോ വേദത്തിലും നാലുഭാഗങ്ങൾ ഉണ്ടായിരിക്കും. ഈശ്വരസ്തുതി, അനുഷ്ഠാനവിധികൾ, ധ്യാനവിധി, തത്ത്വങ്ങൾ എന്നിങ്ങനെ. ഉപനിഷത്തുകൾ വേദങ്ങളുടെ ഒരു ഭാഗമാണ്. ഇതിലെ ഉള്ളടക്കം തികച്ചും തത്ത്വാധിഷ്ഠിതമാണ്. വേദങ്ങളുടെ രചന നിരവധി വ്യക്തികളാൽ കാലാകാലങ്ങളായി രൂപപ്പെട്ടതാണ്. ആയതിനാൽ തന്നെ ഭാരതീയസംസ്കാരത്തിന്റേയും ചരിത്രത്തിന്റേയും ഉൾക്കാഴ്ച നൽകാൻ വേദങ്ങൾ പര്യാപ്തമാണ്.

നാലുവേദങ്ങളുള്ളതിൽ ഓരോ വേദത്തിനും സംഹിതം എന്നും ബ്രാഹ്മണം എന്നും ഓരോ ഭാഗങ്ങളുണ്ട്. ബ്രാഹ്മണങ്ങളുടെ അനുബന്ധങ്ങളാണ് ആരണ്യകങ്ങൾ. ആരണ്യകങ്ങളുടെ അനുബന്ധങ്ങൾ ഉപനിഷത്തുകളും. ഈ ഓരോ വ്യാഖ്യാനങ്ങളിലുമുള്ള നിരവധി സൂക്തങ്ങൾ കൂടിച്ചേർന്നാണ് വേദസാഹിത്യം ഉണ്ടായത്.

സൂത്ര സാഹിത്യം

തിരുത്തുക
പ്രധാന ലേഖനം: സൂത്രം

വേദസാഹിത്യത്തിന്റെ തുടർച്ച എന്നോണം ബി.സി 500നും 100നും ഇടയിൽ അറിവിനെ സൂത്രങ്ങൾ എന്ന പേരിൽ പ്രബന്ധരൂപത്തിൽ സം‌യോജിപ്പിച്ചു. ഇതിൽ വേദാംഗങ്ങൾ,ബ്രഹ്മസൂത്രങ്ങൾ,യോഗസൂത്രങ്ങൾ,ന്യായസൂത്രങ്ങൾ എന്നിവ അടങ്ങിയിരുന്നു. വേദാംഗത്തിൽ വ്യാകരണം,ഉച്ചാരണശാസ്ത്രം എന്നിവ വിവരിച്ചിട്ടുണ്ട്.

ഇതിഹാസങ്ങൾ‍

തിരുത്തുക

മഹാഭാരതം

തിരുത്തുക
പ്രധാന ലേഖനം: മഹാഭാരതം

കാവ്യഭംഗി നിറഞ്ഞ കൃതിയാണ് മഹാഭാരതം. കാവ്യഭംഗിയേക്കാളുപരിയായി ഈ ഗ്രന്ഥത്തിൽ ഹൈന്ദവ ഐതിഹ്യങ്ങളും തത്ത്വങ്ങളും മതവിശ്വാസങ്ങളുമെല്ലാം അടങ്ങിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ കർത്താവ് വ്യാസൻ ആണ്. മഹഭാരതത്തിലെ ആദിപർവ്വത്തെ അടിസ്ഥാനമാക്കിയാൽ ആരംഭത്തിൽ ഈ ഗ്രന്ഥത്തിൽ 8800 പദ്യങ്ങളാണുണ്ടായിരുന്നതെന്നും അക്കാലത്ത് ജയം എന്ന പേരിലാണ് അറിയപ്പെട്ടതെന്നും മനസ്സിലാക്കാം. ശേഷം വൈശമ്പായനൻ ഭാരതം എന്നപേരിൽ 24000ഓളം പദ്യങ്ങൾ ഉൾക്കൊള്ളിച്ച് രചിച്ചു. ഹസ്തിനപുരി എന്ന നഗരത്തിൽ വസിച്ചിരുന്ന രണ്ട് കുടുംബങ്ങൾ തമ്മിൽ നിലനിന്നിരുന്ന കലഹമാണ് ഇതിവൃത്തം. മഹാഭാരതം എന്ന ഗ്രന്ഥത്തെക്കുറിച്ച് ഇപ്രകാരം പറയപ്പെടുന്നു.

"ധർമേ ച അർത്ഥേ ച കാമേ ച മോക്ഷേ ച ഭാരതർഷഭ

യത് ഇഹ അസ്തി തദ് അന്യത്ര യദ് ന ഇഹ അസ്തി തത് ക്വചിത്"

രാമായണം

തിരുത്തുക
പ്രധാന ലേഖനം: രാമായണം

ആദികവി എന്ന വിശേഷണത്തിനർഹനായ വാല്മീകിയാൽ രചിക്കപ്പെട്ട ഗ്രന്ഥമാണ് രാമായണം. വായ്മൊഴിയിലൂടെയാണ് ആദ്യം പ്രചരിച്ചത്. അനേക നൂറ്റാണ്ടുകൾക്ക് ശേഷം എഴുതപ്പെട്ടു. അയോദ്ധ്യാവാസിയായ രാമൻ എന്ന രാജകുമാരന്റെ കഥയാണ് മുഖ്യ കഥാതന്തു. മഹാഭാരതത്തെപ്പോലെ തന്നെ ഭാരത സംസ്കാരത്തിന്റെ വളർച്ചയിൽ രാമായണത്തിന്റെ പങ്കും ചെറുതല്ല

പൗരാണികസംസ്കൃതസാഹിത്യം

തിരുത്തുക

സംസ്കൃതനാടകങ്ങൾ

തിരുത്തുക
പ്രധാന ലേഖനം: സംസ്കൃതനാടകം

സംസ്കൃത നാടകങ്ങളിൽ അധികവും രചിക്കപ്പെട്ടത് ബി.സി രണ്ടാം നൂറ്റാണ്ടിനും എ.ഡി ഏഴാം നൂറ്റാണ്ടിനും ഇടയിലാണ്. സംസ്കൃത നാടകങ്ങളിൽ അധികവും കാല്പനികത നിറഞ്ഞവയായിരുന്നു.

ബി.സി രണ്ടാം നൂറ്റണ്ടിൽ ശൂദ്രകൻ രചിച്ച നാടകം.

  • ഭാസന്റെ നാടകങ്ങൾ

പതിമൂന്ന് നാടകങ്ങൾ ഇദ്ദേഹത്തിന്റേതായി കണ്ടെത്തിയിട്ടുണ്ട്. പതിനാലാമതൊരെണ്ണം ഗണപതി ശാസ്ത്രികൾ 1913 -ൽ കണ്ടെത്തി. ഏറ്റവും പ്രസിദ്ധമായ നാടകങ്ങൾ സ്വപ്നവാസവദത്തം, പ്രതിജ്ഞാ യൗഗന്ധരായണം എന്നിവയാണ്.

  • കാളിദാസൻ

പ്രശസ്തങ്ങളായ മൂന്ന് നാടകങ്ങളാണ് ഇദ്ദേഹം രചിച്ചിരിക്കുന്നത് - വിക്രമോർവശീയം, മാളവികാഗ്നിമിത്രം, അഭിജ്ഞാനശാകുന്തളം എന്നിവ. രണ്ട് വലിയ ഇതിഹാസകാവ്യങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട് - രഘുവംശവും, കുമാരസംഭവവും. കൂടാതെ ഋതുസമഹാരം, മേഘദൂത് എന്നീ കാവ്യങ്ങളും ഇദ്ദേഹത്തിന്റെ രചനകളാണ്. കാളിദാസന്റേത്, ലളിത-സുന്ദരവും നിരവധി ഉപമകൾ നിറഞ്ഞതുമായ ഭാഷാശൈലിയാണ് . ആതിനാൽ തന്നെ "ഉപമാ കാളിദാസസ്യ" എന്നൊരു ചൊല്ലുതന്നെ ഉണ്ടായിട്ടുണ്ട്.

  • 7 ആം നൂറ്റാണ്ടിൽ ശ്രീഹർഷൻ രചിച്ച രത്നാവലി,നാഗനന്ദം എന്നീ നാടകങ്ങളും പ്രധാനപ്പെട്ടവയാണ്.

ഭരതന്റെ നാട്യശാസ്ത്രം

തിരുത്തുക

സംസ്കൃതസാഹിത്യത്തിലെ പ്രധാനപ്പെട്ട ഒരു സൃഷ്ടിയാണ് ഭരതമുനിയുടെ നാട്യശാസ്ത്രം. ഗ്രന്ഥകർത്താവിനെ കുറിച്ച് വേണ്ടത്ര വിവരമൊന്നും ലഭ്യമല്ല. വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന വിവിധതരം കലകളെക്കുറിച്ചാണ് ഈ ഗ്രന്ഥം പ്രതിപാദിക്കുന്നത്. പ്രധാനമായും സംഗീതം,നൃത്തം,സാഹിത്യം,അരങ്ങ് എന്നിവയെക്കുറിച്ച് ഭരതൻ ഈ ഗ്രന്ഥത്തിൽ നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഭാരതത്തിൽ കലകൾക്കുള്ള അടിസ്ഥാനം ഈ ഗ്രന്ഥമാണ്. ഭാവാവിഷ്കാരങ്ങൾക്കാവശ്യമായ രസങ്ങൾക്കും അടിസ്ഥനാമാക്കുന്നത് ഈ ഗ്രന്ഥത്തെ തന്നെ. ഭരതൻ നവരസങ്ങൾ എന്ന പേരിൽ ഒൻപത് രസങ്ങൾ ആവിഷ്കരിച്ചു. അത്ഭുതം,ഹാസ്യം, കരുണം,ശൃംഗാരം,ശാന്തം,ബീഭത്സം,വീരം,ഭയാനകം,രൗദ്രം എന്നിവയാണ് നാട്യശാസ്ത്ര പ്രകാരമുള്ള ഒൻപത് രസങ്ങൾ

പുരാണങ്ങൾ

തിരുത്തുക
പ്രധാന ലേഖനം: പുരാണങ്ങൾ

ഹിന്ദുപുരാണഗ്രന്ഥങ്ങളുടെ രചന പ്രധാനമായും അഞ്ചു മുതൽ പത്താം നൂറ്റാണ്ടുവരെയുള്ള കാലത്താണ് നടന്നത്. പുരാണങ്ങളെ മഹാ എന്നും ഉപ എന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഈ ഗ്രന്ഥങ്ങൾ പ്രധാനമായും 5 വിഷയങ്ങൾ (പഞ്ചലക്ഷണങ്ങൾ) വിവരിക്കുന്നു. അവ

  1. സർഗ്ഗം
  2. പ്രതിസർഗ്ഗം
  3. വംശം
  4. മന്വന്തരം
  5. വംശാനുചരിതം

പുരാണങ്ങൾ പ്രധാനമായും ഏതെങ്കിലും ഒരു മൂർത്തിയെ പ്രധാനിയായി ചിത്രീകരിക്കുന്നു.

പ്രധാന കൃതികൾ

തിരുത്തുക

രഘുവംശം
മേഘസന്ദേശം
നാരായണീയം
ബ്രഹ്മസൂത്രം
ഉപദേശസാഹസ്രി
ഭജഗോവിന്ദം
മാണ്ഡൂക്യകാരിക
ദശകുമാരചരിതം
ലീലാതിലകം
രാമായണം
മഹാഭാരതം
മഹാഭാഗവതം
ഭഗവത്ഗീത
പഞ്ചതന്ത്രം
മനുസ്മൃതി
പരാശരസ്മൃതി
യാജ്ഞവൽക്യ സ്മൃതി
ബ്രഹ്മപുരാണം
വിഷ്ണുപുരാണം
ശിവപുരാണം
ഭാഗവതപുരാണം
പദ്മപുരാണം
നാരദപുരാണം
മാർക്കണ്ഡേയപുരാണം
ഭവിഷ്യപുരാണം
ലിംഗപുരാണം
വരാഹപുരാണം
ബ്രഹ്മവൈവർത്തപുരാണം
സ്കന്ദപുരാണം
വാമനപുരാണം
മത്സ്യപുരാണം
കൂർമ്മപുരാണം
ഗരുഡപുരാണം
ബ്രഹ്മാണ്ഡപുരാണം
അഗ്നിപുരാണം
ഗുരു ഗീത
ശിവ ഗീത
ഉദ്ധവഗീത