ആദികാലത്ത് വനവാസികളായ ദ്രാവിഡരുടെയും പിന്നീട് ശാക്തേയരുടെയും ഒടുവിൽ ഹൈന്ദവരുടെയും ആരാധനാ മൂർത്തിയായിത്തീർന്ന ഭഗവതിയാണ് വനദുർഗ്ഗ. ഇത് വനശൈലാദ്രിവാസിയായ ആദിപരാശക്തി ആണെന്നാണ് സങ്കല്പം. വിധിപ്രകാരം ഭഗവതിയെ ഭജിച്ചാൽ ദുഃഖങ്ങൾ അകന്ന് നന്മ വരുമെന്ന് വിശ്വസിക്കപ്പെടുന്നു. കഠിനമായ ഗ്രഹദോഷങ്ങൾ, ശത്രു ദോഷങ്ങൾ, ഘോരമായ ഭൂത പ്രേത കൃത്യ ദോഷങ്ങൾ പോലും ദേവിയുടെ അനുഗ്രഹത്താൽ അകലുന്നതാണ്.

ശ്രീ പാർവ്വതിയുടെ ഒരു ഭാവമാണ് വനദുർഗ്ഗ. പരമശിവനെ പതി ആയി ലഭിക്കാൻ പാർവതീദേവി വെയിലും മഴയും മഞ്ഞും ഏറ്റു വനത്തിൽ തപസ്സു ചെയ്തു മാത്രമല്ല പഞ്ചഭൂതങ്ങളെ ( ആകാശം, വായു, അഗ്നി, ജലം, പൃഥ്വി ) തന്നിലേക്ക് അവാഹിക്കുകയും ചെയ്തു. അതിനാൽ പരാശക്തിയെ വനദുർഗ്ഗ ഭാവത്തിൽ ആരാധിക്കുന്നു. പല വനദുർഗ ക്ഷേത്രങ്ങളിലും ഭഗവതിയുടെ ശ്രീകോവിലിന് മേൽക്കൂര ഉണ്ടാവാറില്ല. വെയിലും മഴയും മഞ്ഞും തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങൾ നേരിട്ട് പ്രതിഷ്ഠയിലേക്ക് ലഭിക്കാൻ വേണ്ടി ആണിതെന്ന് കരുതപ്പെടുന്നു. ചില കാവുകളിലും ഇത്തരം പ്രതിഷ്ഠ കാണാം. പ്രാചീന കാലത്ത് ഊർവ്വരതാപൂജയുടെ ഭാഗമായും വനദുർഗയെ ആരാധിച്ചിരുന്നു. പ്രകൃതീമാതാവായും വനദുർഗയെ കണക്കാക്കിയിരുന്നു.

"https://ml.wikipedia.org/w/index.php?title=വനദുർഗ്ഗ&oldid=3961466" എന്ന താളിൽനിന്ന് ശേഖരിച്ചത്