ഫിലിപ് പേറ്റൻ (24 ഏപ്രിൽ 1856 -23 ജൂലൈ 1951) ഫ്രാൻസിന്റെ സേനാധിപതി ആയിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ ജർമൻ പടയെ സധൈര്യം പൊരുതി തോല്പിച്ചതിന് ഫ്രാൻസ് ഫിലിപ് പേറ്റന് മാർഷൽ പദവി (Maréchal de France ) നല്കി ബഹുമാനിച്ചു. വെർദൂൺ യുദ്ധത്തിൽ പ്രദർശിപ്പിച്ച യുദ്ധതന്ത്രവും ധീരസാഹസികതയും വെർദൂൺ സിംഹം എന്ന പേരും പേറ്റന് നേടിക്കൊടുത്തു. എന്നാൽ രണ്ടാം ലോക മഹായുദ്ധക്കാലത്ത് വിഷി സർക്കാറിനു നേതൃത്വം നല്കിയ പേറ്റന്റെ ജർമൻ അനുഭാവവും സൈനിക- രാഷ്ട്രീയ-സാമൂഹ്യ നിലപാടുകളും പല വിവാദങ്ങൾക്കും കാരണമായി. യുദ്ധാനന്തരം പേറ്റൻ രാജ്യദ്രോഹത്തിന് ശിക്ഷിക്കപ്പെട്ടു. പേറ്റന്റെ വാർധക്യാവസ്ഥ പരിഗണനയിലെടുത്ത് വധശിക്ഷ ആജീവനാന്തത്തടവാക്കി മാറ്റി.തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കേ നിര്യാതനായി.[1]

ഫിലിപ്പ് പേറ്റൻ
Chief of the French State
ഓഫീസിൽ
11 July 1940 – 19 August 1944
മുൻഗാമിAlbert Lebrun
(President of the French Republic)
പിൻഗാമിCharles de Gaulle
(President of the Provisional Government)
119th Prime Minister of France
ഓഫീസിൽ
16 June 1940 – 11 July 1940
മുൻഗാമിPaul Reynaud
പിൻഗാമിPierre Laval
(as Vice-President of the Council)
Pétain remained the nominal Head of Government until 18 April 1942
Minister of War of France
ഓഫീസിൽ
9 February 1934 – 8 November 1934
പ്രധാനമന്ത്രിGaston Doumergue
മുൻഗാമിJoseph Paul-Boncour
പിൻഗാമിLouis Maurin
Minister of State
ഓഫീസിൽ
1 June 1935 – 7 June 1935
പ്രധാനമന്ത്രിFernand Bouisson
വ്യക്തിഗത വിവരങ്ങൾ
ജനനം
Henri Philippe Benoni Omer Joseph Pétain

24 April 1856
Cauchy-à-la-Tour, Pas-de-Calais, Second French Empire
മരണം23 ജൂലൈ 1951(1951-07-23) (പ്രായം 95)
Île d'Yeu, Vendée, France
പങ്കാളിEugénie Hardon Pétain
അവാർഡുകൾMarshal of France
Legion of Honor
Military Medal (Spain)
Military service
Allegiance French Third Republic
 Vichy France
Branch/serviceFrench Army
Years of service1876–1944
RankGénéral de division
Battles/warsBattle of Verdun
Rif Wars, Morocco

ജീവിതരേഖ

തിരുത്തുക
 
Maréchal Pétain in 1926

ഫിലിപ്പ് പേറ്റന്റെ ജനനം കർഷകകുടുബത്തിലായിരുന്നു. മുഴുവൻ പേര്- ഹെൻറി ഫിലിപ് ബെനോനി ഓമർ ജോസെഫ് പേറ്റൻ. ഇരുപതാമത്തെ വയസ്സിൽ ഫ്രഞ്ചു സൈന്യത്തിൽ ചേർന്നതോടെ മിലിറ്ററി പരിശീലന കേന്ദ്രങ്ങളിൽ പ്രവേശനം ലഭിച്ചു. അങ്ങനെ പഠനം പൂർത്തിയാക്കാനുള്ള അവസരം ലഭിച്ചു. അതിനുശേഷം പല സൈനികവിഭാഗങ്ങളിലും സേവനമനുഷ്ഠിച്ചു. 1912-ൽ അമ്പത്തിയാറാമത്തെ വയസ്സിലാണ് പേറ്റൻ കേണൽ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. രണ്ടു വർഷത്തിനകം ജനറലായി ഉദ്യോഗക്കയറ്റം ലഭിച്ചു.

വെർദൂൺ യുദ്ധം (1916 ഫെബ്രുവരി 21 -1916 ഡിസംബർ 16)

തിരുത്തുക

ഒന്നാം ലോക മഹായുദ്ധത്തിൽ കോട്ട നഗരമായിരുന്ന വെർദൂൺ സംരക്ഷിക്കാനുള്ള ചുമതല പേറ്റന്റെ ചുമലുകളിൽ വീണു. മൂന്നു വശങ്ങളിൽ നിന്നും ജർമൻ സൈന്യം വെടിക്കോപ്പുകളും, വിഷവാതകവും ഉപയോഗിച്ച് ഫ്രഞ്ചു സൈന്യത്തെ ആക്രമിച്ചു. മുന്നൂറു ദിവസങ്ങളോളം നീണ്ടു നിന്ന വെർദൂൺ യുദ്ധം വമ്പിച്ച ആൾനാശത്തിനും വസ്തുനാശത്തിനും കാരണമായെങ്കിലും, ഫ്രാൻസിന് ജർമനിയുടെ മേൽ നിർണായകവിജയം നേടാനായി. സാധാരണക്കാരായ ഫ്രഞ്ചു ഭടന്മാരുടെ (poilu) സഹനശക്തിയുടേയും ദേശഭക്തിയുടേയും വിജയമായിട്ടാണ് വെർദൂൺ ഫ്രഞ്ചു ചരിത്രത്തിൽ കുറിപ്പിടപ്പെടുന്നത്. സൈന്യത്തിന്റെ വീര്യവും അച്ചടക്കവും നിലനിർത്താനുള്ള വ്യക്തിപ്രഭാവം പേറ്റന് ഉണ്ടായിരുന്നു. [2]താമസിയാതെ കമാൻഡർ-ഇൻ-ചീഫ് ആയി നിയമിക്കപ്പെട്ടു. യുദ്ധാനന്തരം ജർമനി തോൽവി സമ്മതിച്ച് സഖ്യകക്ഷികൾ രൂപം നല്കിയ ഉടമ്പടിയിൽ ഒപ്പു വെക്കുമ്പോൾ ഫ്രാൻസിനെ പ്രതിനിധീകരിച്ച് വെയ്ൻഗാഡിനോടൊപ്പം പേറ്റനും ഉണ്ടായിരുന്നു.

ബഹുമതികൾ, പദവികൾ

തിരുത്തുക

നവമ്പർ 1918-ൽ പേറ്റന് മാർഷൽ പദവി ലഭിച്ചു. പിന്നീട് സർവ്വോത്തര സൈനിക പദവി വൈസ് പ്രസിഡൻഡ് ഓഫ് സുപ്രീം വാർ കൗൺസിൽ, ഇൻസ്പെക്റ്റർ ജനറൽ ഓഫ് ദി ആർമി എന്നീ പദവികളിലേക്കും ഉയർത്തപ്പെട്ടു. 1931-ൽ എഴുപത്തിയഞ്ചാമത്തെ വയസ്സിൽ പേറ്റൻ സൈനികസേവനത്തിൽ നിന്ന് വിരമിച്ചു. ഫ്രാൻസിൽ വ്യാപകമായി പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും പൊട്ടിപ്പുറപ്പെട്ടപ്പോൾ പ്രസിഡൻഡ് ലെബ്രൂൺ പേറ്റനെ മന്ത്രിസഭയിലേക്കു ക്ഷണിച്ചു. 1935-ൽ ലുപെറ്റിഷോണൽ (Ke Petit Jouranl) എന്ന പത്രിക നടത്തിയ ജനഹിതസർവ്വേയിൽ പേറ്റൻ ജനപ്രിയനേതാവെന്ന സ്ഥാനം നേടിയെടുത്തു. [2]. 1939-ൽ പേറ്റൻ സ്പെയിന്ലേക്കുള്ള അംബാസഡറായി നിയുക്തനായി.

രണ്ടാം ലോക മഹായുദ്ധം

തിരുത്തുക

രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ പേറ്റൻ മന്ത്രി സഭയിലേക്കു ക്ഷണിക്കപ്പെട്ടു. ആദ്യം നിരസിച്ചെങ്കിലും മെയ് 18-ന് പേറ്റൻ ക്ഷണം സ്വീകരിച്ചു. പുറമെ നിന്ന് ബ്രിട്ടീഷ് സഹായത്തോടെ ജർമനിയെ എതിർത്തു തോല്പിക്കാമെന്ന് പ്രധാനമന്ത്രി റെയ്നോഡ് വാദിച്ചു. യാതൊരു കാരണവശാലും താൻ രാജ്യത്തേയും ജനങ്ങളേയും ഉപേക്ഷിച്ചു പോകില്ലെന്നും ഒന്നാം ലോകമഹായുദ്ധം വരുത്തിത്തീർത്ത ആൾനാശവും സാമ്പത്തികത്തകർച്ചയും ഫ്രാൻസിന് താങ്ങാവുന്നതിലധികമായിരുന്നെന്നും യുദ്ധം നിറുത്തൽ കരാറു മാത്രമേ ഫ്രാൻസിന് അനുകൂലമാവൂ എന്നുമുള്ള അഭിപ്രായത്തിൽ പേറ്റനും ഉറച്ചു നിന്നു. ഇത് മന്ത്രി സഭയിൽ പിളർപ്പുണ്ടാക്കി. ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷം ജനപ്രിയനേതാവായ പേറ്റനെ പിന്താങ്ങി. പ്രധാനമന്ത്രി റെയ്നോഡ് രാജി വെച്ചൊഴിഞ്ഞു. പേറ്റൻ പ്രധാനമന്ത്രി പദം ഏറ്റെടുത്തു.[2]

പേറ്റന്റെ പ്രസംഗം

തിരുത്തുക

1940 ജൂൺ 17ന് ഉച്ചക്ക് 12.30ന് മാർഷൽ പേറ്റൻ രാഷ്ട്രത്തെ റോഡിയോയിലൂടെ അഭിസംബോധന ചെയ്തു. ഫ്രാൻസിന്റെ ഭരണച്ചുമതല താൻ ഏറ്റെടുത്തിരിക്കുന്നു. ഫ്രഞ്ചു സൈന്യത്തിന്റെ ധീരസാഹസികതകളെക്കുറിച്ച് തനിക്ക് ഒട്ടും സംശയമില്ല.പക്ഷെ ഇന്ന് ഫ്രാൻസ് യുദ്ധം ചെയ്യാനുള്ള നിലയിലല്ല. അതുകൊണ്ട് രാഷ്ട്രത്തിന്റെ നന്മയെക്കരുതി മാത്രമാണ്, അത്യന്തം വേദനയോടെ താനീ യുദ്ധവിരാമക്കരാറിന് തയ്യാറാവുന്നത്. [3],[4]

വിഷി ഗവർമെൻറ്

തിരുത്തുക
പ്രധാന ലേഖനം: വിഷി ഫ്രാൻസ്

1940 ജൂൺ 23ന് ജർമനിയുമായുള്ള യുദ്ധം നിറുത്തൽ കരാറിൽ പേറ്റൻ ഒപ്പു വെച്ചു. ഉടമ്പടിയിലെ വ്യവസ്ഥകൾ പ്രാൻസിന് ഹിതകരമായിരുന്നില്ല. ഫ്രാൻസ് രണ്ടായി വിഭജിക്കപ്പെട്ടു, ജർമൻ അധീന മേഖലയും സ്വതന്ത്ര വിഷിമേഖലയും. ജൂലൈ പത്തിന് ഫ്രാൻസിന്റെ സർവ്വാധികാരിയായി എൺപത്തിനാലുകാരനായ പേറ്റൻ സ്ഥാനമേറ്റു. ഫ്രാൻസിന്റെ ഭരണനയങ്ങളി വലതുപക്ഷ സ്വാധീനം പ്രകടമായി. 1940 ഒക്റ്റോബർ 10-നു പുറപ്പെടുവിച്ച ഉത്തരവു പ്രകാരം വിവാഹിതകൾക്ക് പൊതുസ്ഥാപനങ്ങളിൽ ജോലി നിഷേധിക്കപ്പെട്ടു. 1941 ഏപ്രിലിൽ വിവാഹമോചനം ദുഷ്കരമായിത്തീർന്നു. യുവജനതയെ ബോധവത്കരിക്കാനും അവരിൽ സദാചാരബോധം വളർത്തിയെടുക്കാനുമായി യുവജനസംഘടന (Chantiers de la jeunesse,Compagnons de France) രൂപികരിക്കപ്പെട്ടു.ഇതോടൊപ്പം ഫ്രഞ്ചു കർഷകരും കാർഷികമേഖലയും പ്രാധാന്യം നേടി. [2]. ഫ്രഞ്ചുകാരല്ലാത്തവരെ മുഖ്യധാരയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി. തീവ്രദേശീയവാദം രാഷ്ട്രത്തിന്റെ നയമായി. ഫ്രാൻസിന്റെ മുദ്രാവാക്യം - സ്വാതന്ത്ര്യം, സമത്വം സാഹോദര്യം എന്നത് കുടുംബം, തൊഴിൽ സ്വദേശം എന്നായി മാറ്റിയെഴുതപ്പെട്ടു. മാർഷെൽ നിങ്ങളോടൊപ്പം എന്നർഥം വരുന്ന സമരഗാനം (Maréchal, nous voilà !)പേറ്റന് ജനപിന്തുണ പ്രഖ്യാപിച്ചു. ജൂതവിവേചനത്തിനും പീഡനത്തിനും പേറ്റന്റെ നേതൃത്വത്തിലുള്ള വിഷി ഗവർമെന്റ് കൂട്ടു നിന്നു. 1942 നവമ്പർ 11-ന് സ്വതന്ത്ര വിഷി മേഖലയും ജർമൻ അധീനതയിലായി. അതോടെ പേറ്റന്റേത് പാവസർക്കാറായി. 1944-സപ്റ്റമ്പറിൽ പരാജയം ആസന്നമായപ്പോൾ, ജർമൻ അധികൃതർ പേറ്റനെ നിർബന്ധപൂർവും തങ്ങളോടൊപ്പം സിഗ്മാരിങ്ഗനിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാൽ ഫ്രാൻസിലേക്ക് തിരിച്ചു ചെന്നേ തീരുവെന്ന പേറ്റന്റെ പിടിവാശി അവസാനം വിജയിച്ചു. 1945 ഏപ്രിൽ 28-ന് പേറ്റൻ ഫ്രാൻസിൽ തിരിച്ചത്തി.

യുദ്ധാനന്തരം- കുറ്റം, ശിക്ഷ, മരണം

തിരുത്തുക

യുദ്ധാനന്തരം ഡിഗാളിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട താത്കാലിക സർക്കാർ പേറ്റനേയും മറ്റു പലരേയും രാജ്യദ്രോഹക്കുറ്റം ചുമത്തി. ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക സർക്കാറിനുണ്ടായിരുന്നു. അപമാനം ഭയന്ന് പേറ്റൻ വിചാരണക്ക് ഹാജരാകില്ലെന്നും, അങ്ങനെ വിചാരണ പേറ്റന്റെ അസാന്നിധ്യത്തിൽ (in absentia) നടത്താമെന്നുമായിരുന്നു കരുതിയത്. പക്ഷെ വിചേരണക്കോടതിയിൽ സ്വയം ഹാജരായി ഫ്രഞ്ചുജനതക്കു മുമ്പാകെ തന്റെ പക്ഷം അവതരിപ്പിക്കണമെന്ന് പേറ്റൻ നിശ്ചയിച്ചു. 1945 ജൂലൈ 23-ന് ഉച്ചക്ക് ഒരു മണിക്കാണ് സുപ്രീം കോർട്ട് ജഡ്ജിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗക്കോടതി പേറ്റന്റെ വിചാരണ ആരംഭിച്ചത്. രാഷ്ട്രീയവൃത്തങ്ങളിൽ നിന്നുള്ള ഇരുപത്തിനാലുപേർ ജൂറി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അറ്റോർണി ജനറൽ മോർണെയാണ് കുറ്റാരോപണം നടത്തിയത്. പേയൻ, ഇസോർനി,ലുമേയ്ർ എന്നിവരായിരുന്നു പേറ്റന്റെ ഭാഗം വാദിച്ചത്. ഹിറ്റ്ലറുടെ പിൻബലത്തോടെ ഫ്രാൻസിന്റെ ഏകാധിപതിയായിത്തീരാനുള്ള ഗൂഢാലോചന നടത്തിയെന്നതായിരുന്നു ആരോപണം. വാദങ്ങൾക്കും എതിർവാദങ്ങൾക്കും ശേഷം പേറ്റൻ സ്വയം എഴുതിത്തയ്യാറാക്കിയ ഹ്രസ്വപ്രസംഗം ഇങ്ങനെ വായിച്ചവസാനിപ്പിച്ചു. നിങ്ങളുടെ മനസാക്ഷിക്കു നിരയ്ക്കുന്ന വിധത്തിൽ എന്തു ശിക്ഷയും എനിക്കു വിധിച്ചോളു. എന്റെ മനസാക്ഷി എന്നെ ഒരു തരത്തിലും പഴിക്കുന്നില്ല, കാരണം സുദീർഘജീവിതം നയിച്ച് ഇപ്പോൾ മരണത്തിന്റെ പടിവാതിലിലെത്തി നിൽക്കുന്ന ഞാൻ ഉറപ്പിച്ചു പറയുന്നു, ഫ്രാൻസിനെ സേവിക്കുകയല്ലാതെ എനിക്ക് മറ്റു ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന്. [5], [2]

1945ആഗസ്റ്റ് 15-ന് വിധി പ്രഖ്യാപിച്ചു. ഏകാധിപത്യം സ്ഥാപിക്കണമെന്ന ദുരുദ്ദേശത്തോടെ യുദ്ധവിരാമ ഉടമ്പടിയിൽ ഒപ്പു വെച്ചതിന്, ജർമനിയുമായി ഗൂഢാലോചന നടത്തിയതിന്, പേറ്റൻ കുറ്റക്കാരനാണെന്നു സ്ഥിരീകരിച്ചു. സകല സൈനികബഹുമതികളും റദ്ദുചെയ്യപ്പെട്ടു. പക്ഷെ മാർഷൽ എന്ന പദവി മാത്രം റദ്ദാക്കാനായില്ല. കാരണം അത് ഫ്രഞ്ചു പാർലമെന്റം സമ്മാനിച്ചതായിരുന്നു. അതു നീക്കം ചെയ്യാൻ ജൂഡീഷ്യറിക്ക് അധികാരമില്ലായിരുന്നു. ഒറ്റവോട്ടിന്റെ ഭൂരിപക്ഷത്തോടെ വധശിക്ഷക്കു വിധിക്കപ്പെട്ടെങ്കിലും വാർധക്യം കണക്കിലെടുത്ത് ശിക്ഷ ജീവപര്യന്തമായി കുറച്ചു. തടവിൽ കഴിയവെ 1951 ജൂലൈ 23-ന് തൊണ്ണൂറ്റിയഞ്ചാമത്തെ വയസ്സിൽ പേറ്റൻ അന്തരിച്ചു.

പിൽക്കാലങ്ങളിൽ

തിരുത്തുക

പേറ്റന്റെ മരണശേഷം വിശ്വസ്തരായ അനുയായികൾ പേറ്റൻ സ്മരണകൾ നിലനിറുത്താനും ന്യായീകരിക്കാനുമായി കൂട്ടായ്മയുണ്ടാക്കി.( l'association pour la défense de la mémoire du maréchal Pétain )[6]. പേറ്റന്റെ പ്രവർത്തികളെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ ഈ കൂട്ടായ്മ നിരന്തരം ആവശ്യപ്പെടുന്നു. [2] [7]. ഫ്രഞ്ചു പ്രസിഡൻഡ് മിത്തറാനഡ് പതിവായി പേറ്റന്റെ ശവകുടീരത്തിൽ പുഷ്പചക്രം സമപ്പിക്കാറുണ്ടെന്നു വസ്തുത 1992-ൽ പുറത്തുവന്നു. വിഷി നേതാവ് എന്ന നിലക്കല്ല, വെർദൂൺ സിംഹമെന്ന നിലക്കാണ് ഈ പുഷ്പചക്രമെന്ന വിശദീകരണം നല്കപ്പെട്ടെങ്കിലും അത് പലർക്കും സ്വീകാര്യമായില്ല [2]

  1. Robert B. Bruce (2008). Petain: Verdun to Vichy (Military Profiles). Potomac Books. ISBN 978-1574887570.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 Julian Jackson. France The Dark Years 1940-44. Oxford University Press.
  3. Times (London), June 18, 1940
  4. Sean B. Carroll (2013). Brave Genius. Crown Publishers, New York. ISBN 9780307952332.
  5. "പേറ്റൻ- വിചാരണ". Archived from the original on 2015-03-25. Retrieved 2015-03-16.
  6. "A.D.M.P പേറ്റൻ സ്മാരകസമിതി". Archived from the original on 2009-05-08. Retrieved 2015-03-25.
  7. People of France you have short memories